ന്യൂഡല്‍ഹി: കോടതിയില്‍ ജഡ്ജിയോട് തര്‍ക്കിക്കുകയും മോശമായി പെരുമാറുകയും ചെയ്ത അഭിഭാഷകന് മഹേഷ് തിവാരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ജസ്റ്റിസ് രാജേഷ് കുമാറുമായി തര്‍ക്കത്തിലേര്‍പ്പെട്ട അഭിഭാഷകന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
'കോടതി എന്നെ എന്ത് ചെയ്യാനാണ്? എന്ന രീതിയിലുള്ള മനോഭാവമാണ് ചില അഭിഭാഷകര്‍ കാണിക്കുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നിയമസംവിധാനത്തോടുള്ള ആദരവ് നിലനിര്‍ത്താന്‍ ഇത്തരം പ്രവണതകള്‍ അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, അഗസ്റ്റിന് ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ജാര്‍ഖണ്ഡ് ഹൈക്കോടതിയിലാണ് അഭിഭാഷകനായ മഹേഷ് തിവാരി ജസ്റ്റിസ് രാജേഷ് കുമാറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. ഈ സംഭവത്തില്‍ തിവാരിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹം നല്കിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയില്‍ നിന്ന് വിമര്‍ശനമുണ്ടായത്.
താന്‍ ഉപാധികളില്ലാതെ മാപ്പ് ചോദിക്കുന്നുവെന്ന് അഭിഭാഷകന് അറിയിച്ചെങ്കിലും, കേസ് ഡയറിയിലെ പരാമര്‍ശങ്ങള്‍ തികച്ചും ഗൗരവകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ജഡ്ജിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് തൊഴില്‍പരമായ മാന്യതയ്ക്ക് നിരക്കാത്തതാണെന്നും കോടതി പറഞ്ഞു.
കോടതിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഇത്തരം പെരുമാറ്റങ്ങള്‍ അനുവദിക്കില്ലെന്നും കോടതി മുറിക്കുള്ളിലെ പെരുമാറ്റച്ചട്ടങ്ങള്‍ എല്ലാവര്ക്കും ബാധകമാണെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു.